Adenanthera pavonina
മഞ്ചാടി
കുടുംബം : Fabaceae
ശാസ്ത്ര നാമം : Adenanthera pavonina
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഇലപൊഴിയും മരമാണ് മഞ്ചാടി. ബ്രസീൽ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ക്യൂബ, ജമൈക്ക, പോർട്ടോ റിക്കോ, ട്രിനിഡാഡ്, വെനിസ്വല, ഐക്യനാടുകൾ (പ്രധാനമായും തെക്കൻ ഫ്ലോറിഡ) തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും ഈ മരം വളരുന്നു. ഒരു പൂങ്കുലയിൽ അസംഖ്യം ചെറിയപൂക്കൾ കാണും. പൂവിനു മഞ്ഞനിറവും മണവുമുണ്ട്. മെയ് - ജൂലായിൽ കായ് വിളയും. കായ് ഉണങ്ങുമ്പോൾ ചുരുളുന്നു. വിത്ത് മിനുസമുള്ളതും തിളങ്ങുന്നതും നല്ല ചുവപ്പ് നിറമുള്ളതുമാണ്. നനവുള്ള മണ്ണും ഉഷ്ണമേഖലാ കാലാവസ്ഥയിലും മഞ്ചാടി വളരുന്നു.
ഉപയോഗം
സാമാന്യം നല്ല ഈടും ഉറപ്പും ബലവുമുണ്ട് ഈ മരത്തിന്റെ തടിക്ക്. അറക്കാനും പണിയാനും പ്രയാസമില്ല. കെട്ടിടം, ഫർണിച്ചർ എന്നിവയുടെ നിർമിതിക്കായും വിറകായും ഉപയോഗിക്കുന്നു വിത്ത് തൂക്കമായി പണ്ട് ഉപയോഗിച്ചിരുന്നു, അവ ജപമാലയിലും കോർക്കാറുണ്ട്. തടിയിൽ നിന്നു കിട്ടുന്ന പശ തിലക് എന്ന പേരിൽ അറിയപ്പെടുന്നു. ഭക്ഷണപാനീയങ്ങൾ, പരമ്പരാഗത മരുന്നുകൾ, തടി എന്നിവക്കും ഇവ ഉപയോഗിക്കുന്നുണ്ട്.

Comments
Post a Comment